Saturday, June 27, 2009

things to do...


ആമുഖം: ജീവിതത്തിന്റെ ഒരോ ഘട്ടത്തിലും ചെയ്യതു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായ ധാരണ വേണം; പിന്നീടു പറഞ്ഞിട്ടു കാര്യമില്ല. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.

ചിത്രശലഭങ്ങളെയും കളിപ്പാട്ടങ്ങളെയും സനേഹിച്ചും താലോലിച്ചും പിന്നെ പഴങ്കഥയും പറഞ്ഞു നടക്കുന്ന ഒരു പാവം പെണ്‍കൊടി എന്നാണു അവകാശവാദം... അതില്‍ കുറച്ചൊക്കെ കാര്യമില്ലാതില്ല. കാരണം, ആനയെ ടിയാനു ഭയങ്കര ഇഷ്ടമാണു, പിന്നാലെ നടക്കാനും; ഗള്‍ഫ്‌ ഗേറ്റ്‌-നെ പൂട്ടിക്കാന്‍ പോന്ന ഒരു ഉഗ്രന്‍ മരുന്നു തേടിയാണെന്നു മാത്രം.
എന്നാല്‍ കയ്യിലിരുപ്പു എന്താണെന്നു ഇപ്പോഴല്ലെ മനസ്സിലായത്‌. വേറെ ഒന്നുമല്ലാ - വകുപ്പ്‌ തിരിച്ചുള്ള ഒരു പട്ടിക, കൂടാതെ അതില്‍ ഉപവകുപ്പുകളും - സര്‍ക്കാരിന്റെ പഞ്ചവത്സര പദ്ധതി പോലെ... ഏട്ടാ ഏട്ടാ എന്നു വിളിച്ചു കാര്യങ്ങള്‍ പറയ്യുമ്പോഴും ഓരോന്നു ചെയ്യുമ്പോഴും ഇങ്ങനെ ഒരു 'പട്ടിക'യുണ്ടാവും എന്ന കാര്യം എനിക്കു ക്ലിക്ക്‌ ചെയ്യതില്ല. ആ ലിസ്റ്റില്‍ എന്തൊക്കെയാണു എന്നു എനിക്കു പറയാന്‍ പറ്റില്ല... അറിയില്ല എന്നതാണു വാസ്തവം, എന്നാലും ചില കാര്യങ്ങള്‍ സ്മരിക്കാതെ വയ്യ... ക്രമം കൃത്യമായി അറിയില്ല...

  1. പാട്ടുകള്‍ - വരികള്‍ തെറ്റു കൂടാതെ എഴുതി വെച്ചിട്ടുണ്ട്‌, ചിലപ്പോള്‍ മൂളിനടക്കുന്നതും കണ്ടിട്ടുണ്ട്‌...
  2. കാണേണ്ട സിനിമകള്‍ - ബൈബിള്‍ ഉല്‍പ്പത്തിയും പുണ്യപുരാണസിനിമകള്‍ മുതല്‍ ഇനിയും റിലീസ്‌ തീരുമാനിക്കാത്തതുള്‍പ്പടെ...
  3. പോകേണ്ട സ്ഥലങ്ങള്‍ - കുറെയൊക്കെ കീഴ്‌പ്പെടുത്തി കഴിഞ്ഞു, ഇനിയും കുറെയേറെ സഞ്ചരിക്കാനുണ്ട്‌. ഗൂഗ്ഗുളിനും ഗൂഗ്ഗിള്‍മാപ്പസിനും പ്രത്യേകം നന്ദിയറിയിക്കുന്നു. അടുത്തത്‌ തീരുമാനിച്ചു കഴിഞ്ഞു, വിശദാംശങ്ങളും തയ്യാര്‍...
  4. കളിപ്പാട്ടങ്ങള്‍ - ഒരു ആക്രിക്കടയ്ക്കു വേണ്ടതു ഇപ്പോഴെ കൈവശമുണ്ട്‌...
  5. വിദേശ ഭാഷാപഠനം - അതിനുമുണ്ട്‌ ഒരു വിശദീകരണം - വിദേശ രാജ്യത്തു പോയാല്‍ അവരുടെ ഭാഷയില്‍ നമ്മള്‍ സംസാരിച്ചില്ല എങ്കില്‍ പിന്നെ അവരെന്തിനു ആംഗലേയ ഭാഷയില്‍ സംസാരിക്കണം - തികച്ചും ന്യായമായ ചോദ്യം - ഒരു ഭാഷയെങ്കിലും ശാസ്ത്രീയമായി പഠിക്കേണ്ടേ?
...ലിസ്റ്റ്‌ തുടരുന്നു... ഒരാളെ തട്ടും എന്നും ഉണ്ടാവും; അല്ലെങ്കില്‍, ഇനി എഴുതിച്ചേര്‍ക്കാം :)

ഓടി നടന്നു ഓരോന്നു ചെയ്യതുകൂട്ടുന്നതു കാണുമ്പോള്‍ അതൊക്കെ ലിസ്റ്റില്‍പ്പെടുത്തണോ വേണ്ടയോ എന്നൊരു സംശയം... എന്തായാലും ഞാന്‍ അതു മറ്റു കൂട്ടുകാര്‍ക്ക്‌ വിടുന്നു...

കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും, കര്‍മ്മങ്ങള്‍ സമയത്തു ചെയ്യതു തീര്‍ക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാണു. മനുഷ്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ ലിസ്റ്റിനു ഒരു അവസാനം ഉണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല. അതു ഒരു മെഗാ സീരിയലു പോലെ തുടര്‍ന്നു പോകും....

വാല്‍ക്കഷ്ണം: വളരെ യാദ്രശ്ചികമായാണു, സുഹ്രത്തുമായി സല്ലപിക്കുമ്പോള്‍ വീണു കിട്ടിയ ഒരു കഷ്ണം, കുറച്ചു മസാല ചേര്‍ത്തു മിതമായി വിളമ്പി എന്നെയുള്ളു. ഇതു എഴുതാന്‍ നല്‍കിയ പ്രചോദനത്തിനു നന്ദി. കൂടാതെ പ്രിയ സുഹ്രത്തിനു എല്ലാവിധ ആശംസകളും (മുന്‍കൂറായി) നേരുന്നു...

വിടവാങ്ങുന്നു...