Saturday, June 27, 2009

things to do...


ആമുഖം: ജീവിതത്തിന്റെ ഒരോ ഘട്ടത്തിലും ചെയ്യതു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായ ധാരണ വേണം; പിന്നീടു പറഞ്ഞിട്ടു കാര്യമില്ല. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല.

ചിത്രശലഭങ്ങളെയും കളിപ്പാട്ടങ്ങളെയും സനേഹിച്ചും താലോലിച്ചും പിന്നെ പഴങ്കഥയും പറഞ്ഞു നടക്കുന്ന ഒരു പാവം പെണ്‍കൊടി എന്നാണു അവകാശവാദം... അതില്‍ കുറച്ചൊക്കെ കാര്യമില്ലാതില്ല. കാരണം, ആനയെ ടിയാനു ഭയങ്കര ഇഷ്ടമാണു, പിന്നാലെ നടക്കാനും; ഗള്‍ഫ്‌ ഗേറ്റ്‌-നെ പൂട്ടിക്കാന്‍ പോന്ന ഒരു ഉഗ്രന്‍ മരുന്നു തേടിയാണെന്നു മാത്രം.
എന്നാല്‍ കയ്യിലിരുപ്പു എന്താണെന്നു ഇപ്പോഴല്ലെ മനസ്സിലായത്‌. വേറെ ഒന്നുമല്ലാ - വകുപ്പ്‌ തിരിച്ചുള്ള ഒരു പട്ടിക, കൂടാതെ അതില്‍ ഉപവകുപ്പുകളും - സര്‍ക്കാരിന്റെ പഞ്ചവത്സര പദ്ധതി പോലെ... ഏട്ടാ ഏട്ടാ എന്നു വിളിച്ചു കാര്യങ്ങള്‍ പറയ്യുമ്പോഴും ഓരോന്നു ചെയ്യുമ്പോഴും ഇങ്ങനെ ഒരു 'പട്ടിക'യുണ്ടാവും എന്ന കാര്യം എനിക്കു ക്ലിക്ക്‌ ചെയ്യതില്ല. ആ ലിസ്റ്റില്‍ എന്തൊക്കെയാണു എന്നു എനിക്കു പറയാന്‍ പറ്റില്ല... അറിയില്ല എന്നതാണു വാസ്തവം, എന്നാലും ചില കാര്യങ്ങള്‍ സ്മരിക്കാതെ വയ്യ... ക്രമം കൃത്യമായി അറിയില്ല...

  1. പാട്ടുകള്‍ - വരികള്‍ തെറ്റു കൂടാതെ എഴുതി വെച്ചിട്ടുണ്ട്‌, ചിലപ്പോള്‍ മൂളിനടക്കുന്നതും കണ്ടിട്ടുണ്ട്‌...
  2. കാണേണ്ട സിനിമകള്‍ - ബൈബിള്‍ ഉല്‍പ്പത്തിയും പുണ്യപുരാണസിനിമകള്‍ മുതല്‍ ഇനിയും റിലീസ്‌ തീരുമാനിക്കാത്തതുള്‍പ്പടെ...
  3. പോകേണ്ട സ്ഥലങ്ങള്‍ - കുറെയൊക്കെ കീഴ്‌പ്പെടുത്തി കഴിഞ്ഞു, ഇനിയും കുറെയേറെ സഞ്ചരിക്കാനുണ്ട്‌. ഗൂഗ്ഗുളിനും ഗൂഗ്ഗിള്‍മാപ്പസിനും പ്രത്യേകം നന്ദിയറിയിക്കുന്നു. അടുത്തത്‌ തീരുമാനിച്ചു കഴിഞ്ഞു, വിശദാംശങ്ങളും തയ്യാര്‍...
  4. കളിപ്പാട്ടങ്ങള്‍ - ഒരു ആക്രിക്കടയ്ക്കു വേണ്ടതു ഇപ്പോഴെ കൈവശമുണ്ട്‌...
  5. വിദേശ ഭാഷാപഠനം - അതിനുമുണ്ട്‌ ഒരു വിശദീകരണം - വിദേശ രാജ്യത്തു പോയാല്‍ അവരുടെ ഭാഷയില്‍ നമ്മള്‍ സംസാരിച്ചില്ല എങ്കില്‍ പിന്നെ അവരെന്തിനു ആംഗലേയ ഭാഷയില്‍ സംസാരിക്കണം - തികച്ചും ന്യായമായ ചോദ്യം - ഒരു ഭാഷയെങ്കിലും ശാസ്ത്രീയമായി പഠിക്കേണ്ടേ?
...ലിസ്റ്റ്‌ തുടരുന്നു... ഒരാളെ തട്ടും എന്നും ഉണ്ടാവും; അല്ലെങ്കില്‍, ഇനി എഴുതിച്ചേര്‍ക്കാം :)

ഓടി നടന്നു ഓരോന്നു ചെയ്യതുകൂട്ടുന്നതു കാണുമ്പോള്‍ അതൊക്കെ ലിസ്റ്റില്‍പ്പെടുത്തണോ വേണ്ടയോ എന്നൊരു സംശയം... എന്തായാലും ഞാന്‍ അതു മറ്റു കൂട്ടുകാര്‍ക്ക്‌ വിടുന്നു...

കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും, കര്‍മ്മങ്ങള്‍ സമയത്തു ചെയ്യതു തീര്‍ക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാണു. മനുഷ്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ ലിസ്റ്റിനു ഒരു അവസാനം ഉണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല. അതു ഒരു മെഗാ സീരിയലു പോലെ തുടര്‍ന്നു പോകും....

വാല്‍ക്കഷ്ണം: വളരെ യാദ്രശ്ചികമായാണു, സുഹ്രത്തുമായി സല്ലപിക്കുമ്പോള്‍ വീണു കിട്ടിയ ഒരു കഷ്ണം, കുറച്ചു മസാല ചേര്‍ത്തു മിതമായി വിളമ്പി എന്നെയുള്ളു. ഇതു എഴുതാന്‍ നല്‍കിയ പ്രചോദനത്തിനു നന്ദി. കൂടാതെ പ്രിയ സുഹ്രത്തിനു എല്ലാവിധ ആശംസകളും (മുന്‍കൂറായി) നേരുന്നു...

വിടവാങ്ങുന്നു...

Monday, March 23, 2009

അനുഭൂതി

തനിക്കു എന്താണു സംഭവിക്കുന്നതു...
അയാള്‍ വീണ്ടും ആലോചിച്ചു, ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഇങ്ങനെ ആയിരുന്നില്ലല്ലോ; ഉള്ളില്‍ ഭീതി കടന്നു കൂടിയിരിക്കുന്നു, എന്തിനെ കുറിച്ചാണു? അറിയില്ല...
മോബൈല്‍ എടുത്തു, അവളെ ഒരിക്കല്‍ക്കൂടി വിളിച്ചു, ഉള്ളുത്തുറന്നു സംസാരിച്ചു, എത്ര നേരം സംസാരിച്ചു എന്നറിയില്ല, എത്ര സംസാരിച്ചിട്ടും അയാള്‍ക്കു മതിവരുന്നില്ല. ഇനി അവള്‍ തന്റെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നി. കോള്‍ കട്ട്‌ ചെയ്ത്‌ മോബൈല്‍ ശൂന്യതയിലേക്ക്‌ വലിച്ചെറിഞ്ഞു, എന്നിട്ട്‌ അവിടെ നിന്ന് എഴുന്നേറ്റു.
സമയം പാതിരാക്കഴിഞ്ഞു.
കുറച്ചു നേരം ഊഞ്ഞാലില്‍ ആടി നോക്കി രക്ഷയില്ല. അയാള്‍ അവിടെ നിന്ന് എഴുന്നേറ്റു പതുക്കെ മുന്നോട്ടു നടന്നു, ആരും തന്നെ പിന്തുടരരുത്‌ എന്ന വാശിയില്‍ ആയിരുന്നു നടത്തം, പാമ്പിനു പോലും. മനസ്സു തളര്‍ന്നു പോകുന്നു, ശരീരവും... കാലുകള്‍ കുഴഞ്ഞു പോക്കുന്നു... കാഴ്ചമങ്ങുന്നു... ഇനിയും നില്‍ക്കാന്‍ പറ്റില്ല... ആരും ഇല്ലേ ഒരു കയ്യത്താങ്ങുവാന്‍? തൊട്ടടുത്തു നിന്ന മരത്തിലേക്കു അയാള്‍ ചാഞ്ഞു ഇരുന്നു. മന്ദമാരുതന്റെ സൗമ്യമായ തലോടല്‍ അവനെ പുളകമണിയിച്ചു... അതു ഉള്ളിലേക്ക്‌ ഇറങ്ങിപ്പോക്കുന്നതായി തോന്നി...
ലോകം അവസാനിക്കയാണോ? ചുറ്റും അന്ധകാരം പരക്കുന്നു... അരൊക്കയോ നിലവിളിച്ചു കൊണ്ടു ഓടുന്നു.. എന്തൊക്കെയാണ്‌ സംഭവിക്കുന്നതു??? മലവെള്ളപ്പാച്ചിലിന്റെ ആരവം കേള്‍ക്കാം...
** ഗ്ഗ്‌ ബ്ല് ബ്ലും **
എങ്ങും നിശബ്ദത. പ്രകൃതിയും പുളകമണിഞ്ഞു... ഹൊ! ഇപ്പോള്‍ എന്താ അശ്വാസം... ഫ്രെഞ്ച്‌ ഗോതമ്പില്‍ നിന്നു ബാഷ്പീകരിച്ചു എടുത്ത ദ്രാവകം പകര്‍ന്നു നല്‍കിയ അനുഭൂതിയില്‍ അവന്‍ മതിമറന്നു ഉറങ്ങി.

അടിക്കുറിപ്പ്‌:
കൂര്‍ഗ്ഗ്‌ യാത്രക്കിടയില്‍ സംഭവിച്ചത്‌. ആ "വ്യക്തിയെ" കണ്ടു മുട്ടിയാല്‍ ഈ പോസ്റ്റിന്റെ കാര്യം പറയരുത്‌. (ആ മാന്യവ്യക്തിക്കു മലയാളം വായിക്കാന്‍ അറിയില്ല, ആരും വായിച്ചു സഹായിക്കരുത്‌) പ്ലീസ്‌... നാരങ്ങമിഠായി വാങ്ങിച്ചു തരാം. അടുത്ത ദിവസം നേരിട്ടു പറഞ്ഞിട്ടു വിശ്വസിച്ചില്ല, പിന്നെയാണോ ഇത്‌ വായിച്ചിട്ടു...

Saturday, March 21, 2009

സൂര്യകാന്തി


വാടി കരിഞ്ഞു, ശോഭ മങ്ങി നില്‍ക്കുന്ന നിന്നെ ദര്‍ശ്ശിക്കുവാന്‍ എന്റെ കണ്ണുകള്‍ എന്തു പാപം ചെയ്തു? അതോ ജീവിത്തിനു പുതിയ അര്‍ഥതലങ്ങള്‍ കാണിച്ചു തരുവാന്‍ വേണ്ടിയാണോ? ഇന്നു ഞാന്‍, നാളെ നീ... അസഹനീയമായ ഈ കാഴ്ച്ച ഉളവാക്കുന്ന വേദന സഹിക്കുവാന്‍ ആവുന്നില്ല. ജ്വലിച്ചു നിന്ന സൂര്യന്‍ ഈ അവസ്ഥ കണ്ടിട്ടു സ്വയം പ്രഭമങ്ങി പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കു പിന്‍വാങ്ങി.

ഇനിയും ഒരു പ്രഭാതം പൊട്ടിവിടരും, അന്നു പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ചൊരിഞ്ഞു കൊണ്ടു ആദിത്യന്‍ വീണ്ടും വരും... നീയും വരില്ലേ? ശോണിഭയോടെ...

പ്രാര്‍ത്ഥനയോടെ...

ദൈവമേ, പ്രലോഭനങ്ങളില്‍ വീഴാതെ താങ്ങേണമേ..

വേണ്ട എന്നു തീരുമാനിക്കുവാന്‍ എന്തു കൊണ്ടു കഴിഞ്ഞില്ല? അഘോഷങ്ങള്‍ക്കു വേണ്ടി നോയമ്പു കാലത്തു ഇടവേള എടുക്കാമ്മോ? അരങ്ങും ആരവവും ഒഴിഞ്ഞു എന്നാല്‍ മനസ്താപത്താല്‍ വീണു കിടക്കുകയാണു ഇപ്പോഴും.
കയ്യിവിടാതെ കരങ്ങളില്‍ ചേര്‍ത്തുകൊള്ളേണമെ... പശ്ചതാപത്തോടെ അയാള്‍ കുരിശിനെ കെട്ടിപിടിച്ചു കരയുകയാണു. കുസൃതി കാണിച്ചതിനു തല്ലു കൊണ്ടു കരയുന്ന കൊച്ചു കുട്ടിയെ പോലെ തേങ്ങുന്ന ആ മനസ്സു ഒരു തീരുമാനം എടുത്തിരുന്നു - ഇനി തെറ്റു അവര്‍ത്തിക്കില്ല...

ചെയ്തു പോയ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കേണമെ എന്ന പ്രാര്‍ത്ഥനയോടെ, നിഷ്‌ഠയോടെ ഭക്തിയോടെ നോയമ്പു തുടരുന്നു...

Tuesday, March 10, 2009

വേദനയില്ലാത്ത രണ്ടു തുള്ളി കണ്ണുനീര്‍

എന്തിനാണു എന്നു അറിയില്ല, ഞാന്‍ ഇന്നു കരഞ്ഞു...
ദേഹമോ ദേഹിയോ വേദനിക്കാതെ കണ്ണുനീര്‍ പൊടിഞ്ഞു. പിന്നെ എന്തിനു വേണ്ടി? ആര്‍ക്കുവേണ്ടി ആയിരുന്നു ആശ്രുബിന്ദുക്കള്‍?
ക്രിസ്തുവിന്റെ തിരുബലി അതാണു കാണിച്ചു തരുന്നതു. പാപം ചെയ്യാത്തവന്‍ പാപികളുടെ വീണ്ടെടുപ്പിനായി ക്രൂശിതനായി. ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞു തീരുംബോഴും പ്രകാശം ചൊരിഞ്ഞുക്കൊണ്ടിരിക്കുക. അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും, ആലംബഹീനര്‍ക്കു വേണ്ടിയും, വേദനയില്‍ അയിരിക്കുനോര്‍ക്കു വേണ്ടിയും, ജീര്‍ണവസ്ഥയില്‍ ആയിരിക്കുന്ന മനുഷ്യ ജീവിതിങ്ങള്‍ക്കുവേണ്ടിയും, അവന്‍ കണ്ണുനീര്‍ വാര്‍ത്തു...

ഇതു എഴുതുംബോഴും രണ്ടു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു... ഒരു വേദനയും ബാക്കിവെയ്ക്കാതെ...

Sunday, March 8, 2009

ആത്മാര്‍പ്പണം

ഒരു നോയ്യബു കാലം കൂടി എത്തി കഴിഞ്ഞു...
ചെയ്യതു പോയ തെറ്റുകള്‍ ഓര്‍ക്കുവാനും പശ്ചാതാപത്തോടെ ദൈവസന്നിധിയിലേക്കു തിരിച്ചു വരാനുമുള്ള ഒരു അവസരം.
ഞങ്ങള്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കുറ്റങ്ങളും ക്ഷമിക്കേണമെ എന്ന പ്രാര്‍ത്ഥന ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നമുക്കു കഴിഞ്ഞുവോ? ചെറുതും വലുതും ആയ അനുസരണക്കേടുകളാല്‍ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയല്ലേ? സഹനം ജീവിതചര്യ ആക്കുന്നതിനു പകരം മറ്റുള്ളവരെ മുറിപ്പെടുത്തുവാനല്ലേ ശ്രമിച്ചിട്ടുള്ളത്‌?
വചനമാകും ദര്‍പ്പണത്തില്‍ ഒരു നിമിഷം നോക്കാമോ? ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ ഈ നോയ്യബു കാലം സഹായകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സമര്‍പ്പണത്തോടെ തിരുസന്നിധിയിലേക്ക്‌ അടുത്തുവരാം... സ്വശ്ചമായ ജലാശയത്തിലേക്ക്‌ അവന്‍ നിന്നെ നടത്തുമാറാകട്ടെ
ആമേന്‍

Saturday, March 7, 2009

ജീവിതനൗക

കാറും കോളും ക്ഷുഭിതമായ ഈ ലോകത്തില്‍ എത്ര ദൂരം കൂടി ഇനി യാത്ര ചെയ്യണം...
കണ്ണു തുറന്നപ്പോള്‍ സൂര്യന്‍ ഉഗ്രരൂപിയായി പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു...

"സുപ്രഭാതം"
സ്വയം മൊഴിയാതെ വേറെ നിവര്‍ത്തിയില്ല... ഒരു കാറ്റിനാല്‍ കെട്ടു പോക്കാവുന്ന ജീവിതം... എത്ര എത്ര മെഴുകുതിരി നാളങ്ങള്‍ ഊതി കെടുത്തിയിരിക്കുന്നു... അതിനും വെണോ അഘോഷങ്ങള്‍? പഴഞ്ഞന്‍ ചിന്ത! അപ്പോള്‍ മെഴുകുതിരി വേണ്ട, ഇനി കൂടുതല്‍ ഒന്നും അലോച്ചിക്കേണ്ട, എന്നത്തെയും പൊലെ ഒരു ദിവസം. അത്ര തന്നെ...
രാത്രി സുഹൃത്തുക്കള്‍ ചിലരൊക്കെ വിളിച്ചു ആശംസപറയാന്‍ ശ്ര്മിച്ചു എങ്കിലും നിദ്രാദേവത കനിഞ്ഞില്ല... ഈ ഉറക്കം ഇനി എത്രനാള്‍ കൂടി... ഉറക്കം സുഖമാണുണ്ണി എന്നു തിരുത്താന്‍ തോന്നുന്നു...
ഉണരുംബോള്‍ ആ മനോഹരതീരം കാണണം...
പുതുജീവിത്തിനെ കുറിച്ചുള്ള പ്രതീക്ഷയില്‍ ഒരു പുതു വര്‍ഷം തുടങ്ങുന്നു...
പ്രാര്‍ത്ഥനയോടെ... തുഴഞ്ഞു നീങ്ങുന്നു...
ഓയ്‌ തിത്തിത്താരാ തിത്തിതെയ്‌ തിത്തയ്‌ തകതെയ്‌ തെയ്‌ തോം...